Latest Updates

നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ ചികിത്സിച്ച് മാറ്റാന്‍ കഴിയുന്ന രോഗമാണ് അര്‍ബുദം അഥവാ കാന്‍സര്‍. എന്നാല്‍ ഇതിന്‍റെ ലക്ഷണങ്ങള്‍ പലപ്പോഴും അത്ര പ്രകടമായെന്ന് വരില്ല. ഇതിനാല്‍തന്നെ  അര്‍ബുദം പല സ്റ്റേജുകള്‍ പിന്നീട് കഴിഞ്ഞാണ് പലരും അതിനെ കുറിച്ച് മനസ്സിലാക്കുന്നത്. ഈ ഒരു ഘട്ടമെത്തുമ്പോൾ  പിന്നെ അര്‍ബുദത്തെ ചികിത്സിച്ച് മാറ്റാന്‍ കഴിയാതെ വരും. 

ശരീര വേദന അര്‍ബുദത്തിന്‍റെ ഒരു ലക്ഷണമാണെങ്കിലും ഇതും വളരെ നേരത്തെ പ്രത്യക്ഷമാകുന്ന ഒരു ലക്ഷണമല്ല. അര്‍ബുദം നാഡീഞരമ്പുകളും  അവയവങ്ങളും ഉള്‍പ്പെടെ ശരീരത്തിന്‍റെ പല ഭാഗങ്ങളിലേക്ക് പടരുമ്പോഴാണ്  വേദന അനുഭവപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഡോക്ടര്‍മാര്‍ വേദനയ്ക്ക് ആശ്വാസം പകരുന്ന മരുന്നുകള്‍ കുറിക്കുകയും വേദനയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും. എത്ര മാത്രം വേദനയുണ്ടാകുന്നു എന്നത് ഏത് തരം അര്‍ബുദമാണ് ഉണ്ടായത്, അത് എത്ര പുരോഗമിച്ചിരിക്കുന്നു, ശരീരത്തിന്‍റെ ഏത് ഭാഗത്താണ് അവയുള്ളത് എന്നതിനെ അടിസ്ഥാനമാക്കിയിരിക്കുന്നു. അര്‍ബുദവുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള വേദനകള്‍ ഇനി പറയുന്നവയാണ്. 

1. സൊമാറ്റിക് 

അര്‍ബുദ രോഗികളില്‍ ഏറ്റവും സാധാരണയായി ഉണ്ടാകുന്നത് സൊമാറ്റിക് വേദനയാണ്. ശരീരത്തിന്‍റെ ചില ഭാഗങ്ങളിലായി ഇടവിട്ട് വരുന്ന കൊളുത്തി പിടിക്കുന്നത് പോലെയുള്ള വേദനയാണ് ഇത്. 

2. ന്യൂറോപതിക്

അര്‍ബുദം മൂലമോ അതിനുള്ള ചികിത്സ മൂലമോ നാഡീ ഞരമ്പുകള്‍ക്ക് സംഭവിക്കുന്ന ക്ഷതത്തെ തുടര്‍ന്നുണ്ടാകുന്ന വേദനയാണ് ന്യൂറോപതിക് വേദന. പുകച്ചിലോടും തരിപ്പോടും കൂടിയ വേദനയാണ് ഇത്. 

3. വിസറല്‍ 

അര്‍ബുദവുമായി ബന്ധപ്പെട്ട വേദനകളില്‍ 28 ശതമാനവും ഇത്തരത്തിലുള്ളതാകും. ശരീരത്തിലെ ആന്തരിക അവയവങ്ങളുമായി ബന്ധപ്പെട്ട വേദനയാണ് ഇത്. അര്‍ബുദ കോശങ്ങള്‍ അവയവങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുമ്പോൾ  ഉണ്ടാകുന്ന അസഹനീയ വേദനയാണ് വിസറല്‍ വേദന. 

4. അക്യൂട്ട് & ക്രോണിക് 

മുറിവൊക്കെ ഉണ്ടാകുമ്പോൾ  വരുന്നതിന് സമാനമാണ് അക്യൂട്ട് വേദന. ഇത് ഹ്രസ്വകാലത്തേക്ക് ഉള്ളതും ഇടയ്ക്കിടെ വന്ന് പോകുന്നതുമാണ്. അതേ സമയം ക്രോണിക് വേദന മാസങ്ങളോളം നീണ്ട് നില്‍ക്കാം. 

അര്‍ബുദ കോശങ്ങള്‍ വളര്‍ന്ന് നാഡീഞരമ്പുകളെയോ  അവയവങ്ങളെയോ എല്ലുകളെയോ അമര്‍ത്തുമ്പോൾ  വേദന സംഭവിക്കാമെന്ന് മയോ ക്ലിനിക്കിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ബുദ കോശങ്ങള്‍ പുറപ്പെടുവിക്കുന്ന ചില കെമിക്കലുകളും വേദനയ്ക്ക് കാരണമാകാം.  വേദനകളുടെ തീവ്രത, ശരീരത്തിന്‍റെ ഏത് ഭാഗത്താണ് അനുഭവപ്പെടുന്നത്, എന്ത് തരത്തിലുള്ള വേദനയാണ്, വേദന കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ഘടകങ്ങള്‍, വേദന കുറയ്ക്കാനായി കൈക്കൊണ്ട നടപടികള്‍, കഴിച്ച മരുന്നുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് നല്‍കേണ്ടതാണ്. വേദനയുടെ പ്രഭവകേന്ദ്രവും കാരണങ്ങളും കണ്ടെത്താന്‍ ഇത് സഹായകമാകും. 

വേദനയ്ക്കൊപ്പം അത്യധികമായ ക്ഷീണം, രക്തസ്രാവം, വിശദീകരിക്കാനാവാത്ത ഭാരനഷ്ടം, മുഴകളുടെ വളര്‍ച്ച, ചര്‍മത്തിലെ മാറ്റങ്ങള്‍ തുടങ്ങിയ  ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും അര്‍ബുദരോഗ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice